കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരണ ചരിത്രം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ ചരിത്രം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെയും ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്ന മലബാറിന്‍റെയും ചേര്‍ന്നതാണ്.
About
തിരുവിതാംകൂറിലെ ചരിത്രപശ്ചാത്തലം: ക്രമീകൃതമായ രീതിയിലുള്ള ഉദ്യോഗ നിയമനത്തെപ്പറ്റി ചിന്തിച്ച ആദ്യ തിരുവിതാംകൂര്‍ ഭരണാധികാരി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് . ഭരണയന്ത്രം വിപുലമായി പുനഃസംഘടിപ്പിച്ച അദ്ദേഹം വിവിധ വകുപ്പുകളിലായി നിരവധി ഉദ്യോഗസ്ഥരെ നിയമിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ നിയമിക്കപ്പെട്ടത് റവന്യൂ വകുപ്പിലാണ്. സൈനികര്‍ക്ക് ശന്പളം പണമായി നല്‍കുന്ന രീതി നടപ്പാക്കിയ മാര്‍ത്താണ്ഡവര്‍മ്മ സൈന്യത്തേയും ഉദ്യോഗസ്ഥരെയും നേരിട്ടാണ് നിയമിച്ചിരുന്നത്. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മയുടെ ദളവ രാമയ്യന്‍െറ സ്വാധീനഫലമായി ഭരണരംഗത്ത് നിരവധി തമിഴ് ബ്രാഹ്മണര്‍ നിയമിതരായി. ഇത് പില്‍ക്കാലത്ത് രാജ്യത്ത് പല പ്രശ്നങ്ങളും സൃഷ്ടിച്ചു.
ആദ്യകാലത്ത് തിരുവിതാംകൂറില്‍ ഉദ്യോഗനിയമനത്തെ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലായിരുന്നു. വിദ്യാഭ്യാസയോഗ്യതയൊന്നും ഉദ്യോഗ നിയമനത്തിന് പ്രസക്തമായിരുന്നില്ല. രാജാവിനും മന്ത്രിക്കും ഇഷ്ടപ്പെട്ട ആരേയും ഏതുദ്യോഗത്തിലും നിയമിക്കാം . മാര്‍ത്താണ്ഡവര്‍മയുടെ മാത്രമല്ല അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായിരുന്ന ധര്‍മരാജാവ്, ബാലരാമവര്‍മ എന്നിവരുടെ കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥ. റാണി ലക്ഷ്മീഭായിയുടെ (181015) റീജന്‍സി ഭരണകാലത്ത് ഈ നയത്തില്‍ മാറ്റംവന്നു. അക്കാലത്ത് റസിഡന്‍റും ദിവാനുമായിരുന്ന കേണല്‍ മണ്‍റോ ഉദ്യോഗ നിയമനകാര്യത്തില്‍ വ്യക്തമായ ചില നിബന്ധനകള്‍ ഉണ്ടാക്കി. സല്‍സ്വഭാവികളും സമര്‍ത്ഥരുമായവരെ മാത്രമേ പൊതുഭരണരംഗത്ത് നിയമിക്കാവൂ എന്ന് അദ്ദേഹം വ്യവസ്ഥ ചെയ്തു. പല ഉദ്യോഗസ്ഥന്‍മാരുടെയും സ്ഥാനപ്പേരുകള്‍ അദ്ദേഹം പരിഷ്കരിച്ചു. മിക്കവാറും ഉദ്യോഗങ്ങള്‍ക്ക് തക്കതായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയുടെ മാതൃകയില്‍ അദ്ദേഹം തിരുവിതാംകൂറിന്‍റെ ഭരണത്തില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. സെക്രട്ടേറിയല്‍ സംവിധാനം ആവിഷ്കരിച്ച് രാജ്യഭരണം കേന്ദീകൃതമാക്കിയ മണ്‍റോ നീതിന്യായ സംവിധാനവും പുനഃസംഘടിപ്പിച്ചു. എങ്കിലും പിന്തുടര്‍ച്ചാവകാശമെന്ന നിലയിലാണ് പലരെയും ഉദ്യോഗത്തില്‍ നിയമിച്ചിരുന്നത്. ഇത് പൊതുഭരണത്തിന്‍െറ കാര്യക്ഷമത ഗണ്യമായി കുറയ്ക്കുന്നുവെന്ന് മനസ്സിലാക്കിയ ആയില്യം തിരുനാള്‍ മഹാരാജാവ് 1874 ല്‍ സ്വജനപക്ഷപാതം നിയന്ത്രിക്കാന്‍ ഒരു വിളംബരം പുറപ്പെടുവിച്ചു. അത് പ്രകാരം ഒരു നിയമനാധികാരി തന്‍റെ തൊട്ടടുത്ത ബന്ധുക്കളെ ആരെയും സര്‍ക്കാര്‍ സര്‍വ്വീസില്‍ തന്‍റെ കീഴില്‍ നിയമിക്കാന്‍പാടില്ലെന്നതടക്കം നിര്‍ദ്ദേശിക്കപ്പെട്ടു. ഇത് അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കടന്നുകൂടുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞു. തിരുവിതാംകൂര്‍ സര്‍വീസിലെ ഉദ്യോഗനിയമനം ഉന്നത ജാതിക്കാരുടെ കുത്തകയായി മാറിക്കഴിഞ്ഞിരുന്നു. എത്ര സമര്‍ത്ഥരായിരുന്നാലും താഴ്ന്ന ജാതിക്കാരെ സര്‍ക്കാര്‍ സര്‍വീസിലെടുത്തിരുന്നില്ല. ഗവണ്‍മെന്‍റിലെ ഉന്നത തസ്തികകള്‍ പരദേശികളായ തമിഴ് ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. 19ാം നൂറ്റാണ്ടിന്‍െറ അവസാനമായപ്പോഴേക്കും, തങ്ങളെയാകമാനം സര്‍ക്കാരുദ്യോഗങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നതിലുള്ള അമര്‍ഷം താണജാതിക്കാരും തദ്ദേശീയരും പ്രകടിപ്പിച്ചു തുടങ്ങി. തങ്ങളില്‍നിന്ന് കുറേപ്പേര്‍ക്കെങ്കിലും നിയമനം തരണമെന്ന അവരുടെ ആവശ്യം ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല.

മലയാളിഈഴവ മെമ്മോറിയലുകള്‍: 19ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ വിദ്യാസന്പന്നരായ ഇടത്തരക്കാര്‍ പ്രബലവിഭാഗമായിമാറി. തിരുവിതാംകൂറില്‍ തന്നെ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ആവശ്യത്തിനുണ്ടായിരിക്കേ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് മറ്റു രാജ്യക്കാരെ പ്രത്യേകിച്ച് തമിഴ് ബ്രാഹ്മണരെ നിയമിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നു. രാമയ്യന്‍ ദളവയുടെ കാലംതൊട്ട് ആരംഭിച്ചതായിരുന്നു തമിഴ് ബ്രാഹ്മണരുടെ ആധിപത്യം. 1891 ജനുവരി 11 ാം തീയതിയാണ് സര്‍വ്വജാതി മതസ്ഥരായ പതിനായിരത്തിലധികം പേര്‍ ഒപ്പുവച്ച മലയാളി മെമ്മോറിയല്‍ എന്നറിയപ്പെടുന്ന ഹര്‍ജി തിരുവിതാംകൂര്‍ രാജാവിന് സമര്‍പ്പിച്ചത്. ഓരോ രാജ്യത്തെയും ഗവണ്‍മെന്‍റുകള്‍ തദ്ദേശീയരായ ജനങ്ങളോട് കാണിക്കുന്ന നീതി തിരുവിതാംകൂര്‍, സ്വന്തം ജനതയോട് കാണിക്കുന്നില്ലെന്ന് വിദേശിയരായ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന മദ്രാസ് പ്രവിശ്യയില്‍ മലയാളികള്‍ക്ക് ലഭിക്കുന്നത്രപോലും നീതി തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വസ്തുത മെമ്മോറിയലില്‍ ചൂണ്ടിക്കാട്ടി. ദേശാഭിമാനി ജി.പി.പിള്ളയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച മെമ്മോറിയലിലെ ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ടു.
1895 മെയ് മാസം 13ാം തീയതി ഡോ. പല്‍പ്പു തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച ഒരു നിവേദനത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങളില്‍ ഈഴവരെയും പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുഭാഗമുണ്ടായിരുന്ന ഈഴവര്‍ക്ക് ഉദ്യോഗങ്ങളില്‍ നാമമാത്ര പ്രാതിനിധ്യം പോലും ഇല്ലായിരുന്നു. ബുദ്ധിമുട്ടുകള്‍ പലതും സഹിച്ച് ഉന്നതവിദ്യാഭ്യാസം നേടിയ പല സമുദായാംഗങ്ങള്‍ക്കും ഉദ്യോഗമന്വേഷിച്ച് രാജ്യത്തിനു വെളിയില്‍ പോകേണ്ടിവന്നു. ഡോ.പല്‍പ്പുവിന് തന്നെ തിരുവിതാംകൂര്‍ മെഡിക്കല്‍ വകുപ്പില്‍ ഉദ്യോഗം നിരസിച്ചു. അദ്ദേഹത്തിന് ഉദ്യോഗത്തിനായി മൈസൂര്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക് അവസരം വേണമെന്ന് ആവശ്യപ്പെട്ട് 13176 പേര്‍ ഒപ്പിട്ട ഹര്‍ജി 1896 സെപ്തംബര്‍ മൂന്നിന് ഡോ.പല്‍പുവിന്‍റെ നേതൃത്വത്തില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ചതാണ് ഈഴവ മെമ്മോറിയല്‍. ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്കുമുള്ള ഒരു കാരണം അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ഇല്ലാതിരുന്നതാണെന്നും മലബാര്‍ പ്രദേശത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്‍െറ കീഴില്‍, തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയര്‍ക്ക് ജോലി ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ടെന്ന വസ്തുത ഈ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 1889 ല്‍ ദിവാന്‍ രാമറാവു പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഈഴവരായ ഉദ്യോഗസ്ഥര്‍ അന്ന് ആരും ഉണ്ടായിരുന്നില്ല. ഹര്‍ജിയിലെ ആവശ്യങ്ങള്‍ ദിവാന്‍ ശങ്കരസുബ്ബയ്യര്‍ നിരസിച്ചുകളഞ്ഞു. അതിനാല്‍ മറ്റൊരു ഹര്‍ജി, വൈസ്രോയി കഴ്സണ്‍ പ്രഭു 1900ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ സമര്‍പ്പിച്ചു. എന്നാല്‍, നാട്ടുരാജ്യങ്ങളിലെ ചെറിയ കാര്യങ്ങളില്‍ ഇടപെടാന്‍ ബ്രിട്ടന് താല്‍പര്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്‍റ ആരംഭമായപ്പോഴേക്കും സര്‍ക്കാര്‍ സര്‍വ്വീസിലെ ഉദ്യോഗ നിയമനം വിവാദപരമായ പൊതുപ്രശ്നമായി. മേല്‍ പ്രക്ഷോഭങ്ങളുടെയെല്ലാം ഫലമായി സര്‍ക്കാരിന്‍റെ നയത്തില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ രാജഗോപാലാചാരി (19-07-1914) ദിവാനായിരുന്ന കാലത്ത് ഈഴവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവകാശം ലഭിച്ചു. പിന്നോക്കജാതികളില്‍ നിന്നും പരിമിതമായ തോതിലെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സര്‍വ്വീസില്‍ നിയമിച്ചുതുടങ്ങിയത് അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. ശ്രീമൂലം പ്രജാസഭയിലേക്ക് പിന്നോക്കകാരില്‍ നിന്നും പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവും അദ്ദേഹം ആരംഭിച്ചു. ഈ വിധത്തില്‍ ശ്രീമൂലം അസംബ്ലിയില്‍ അംഗമായ മഹാകവി കുമാരനാശാന്‍ ഈഴവര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതിന്‍െറ ആവശ്യകത പലപ്പോഴും സഭയില്‍ ചര്‍ച്ചാവിഷയമാക്കി. 1915 ആയപ്പോഴേക്കും നിയമനങ്ങളില്‍ അവസരസമത്വം നല്‍കുകയെന്ന ആശയത്തിന്‍െറ വെളിച്ചത്തില്‍ ഗവണ്‍മെന്‍റ് പിന്നാക്കക്കാര്‍ക്ക് ചില പരിഗണനകള്‍ നല്‍കിത്തുടങ്ങി. അവസരസമത്വത്തിനുവേണ്ടി പൊതുജനാഭിപ്രായം ശക്തമായതിന്‍െറ ഫലമായി 1921 ആയപ്പോഴേക്കും എല്ലാ ജാതിമത വിഭാഗക്കാര്‍ക്കും നിയമനകാര്യത്തില്‍ പരിഗണന നല്‍കണമെന്ന നിര്‍ദേശം ഗവണ്‍മെന്‍റ് വകുപ്പുതലവന്‍മാര്‍ക്കുനല്‍കി. സാമുദായിക പ്രാതിനിധ്യത്തിന്‍െറ പ്രശ്നം 1929 ആഗസ്റ്റില്‍ ലജിസ്ലേറ്റീവ് കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കുവന്നു. പ്രാതിനിധ്യമില്ലെന്നുള്ള വിവിധ സമുദായങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഗവണ്‍മെന്‍റ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. സര്‍ക്കാരിന്‍റെ കാര്യക്ഷമതയ്ക്ക് ഹാനി സംഭവിക്കാത്ത വിധം എല്ലാ ജാതിക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രാതിനിധ്യം ലഭിക്കത്തവും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1933 സെപ്തംബര്‍ 16ന് സമര്‍പ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ഗവണ്‍മെന്‍റ് പരിശോധിക്കുകയും ഓരോ വകുപ്പിലും വിവിധ ജാതിക്കാര്‍ക്ക് ലഭിച്ചിട്ടുള്ള ഉദ്യോഗങ്ങളുടെ അനുപാതം കണക്കാക്കുന്നതിനുവേണ്ടി സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചു. 1934 മെയ് മാസത്തില്‍ ലെജിസ്ലേറ്റീവ് കൌണ്‍സിലിലും ശ്രീമൂലം അസംബ്ലിയിലും റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു. ഉദ്യോഗനിയമന പ്രശ്നം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഗവണ്‍മെന്‍റ് തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഡോ.ജി. ഡി. നോക്സിനെ സ്പെഷ്യല്‍ ഓഫീസറായി 1934ല്‍ നിയമിച്ചു. ഉദ്യോഗ നിയമനത്തിനുവേണ്ടി പബ്ലിക് സര്‍വീസ് കമ്മിഷന്‍ രൂപവല്‍കരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു സ്പെഷ്യലാഫീസറുടെ ചുമതല. നിയുക്ത പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍റെ ഘടന, അധികാരവ്യാപ്തി, ചുമതലകള്‍ എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സമുദായ പ്രാതിനിധ്യം ക്രമീകരിക്കുന്നതിനുവേണ്ടി ജനങ്ങളെ സൌകര്യപ്രദമായ രീതിയില്‍ വര്‍ഗീകരിക്കുന്നതിനും നോക്സിനെ ചുമതലപ്പെടുത്തിയിരുന്നു. 1935 മാര്‍ച്ച് 14ന് സമര്‍പ്പിക്കപ്പെട്ട നോക്സിന്‍െറ റിപ്പോര്‍ട്ട് പ്രകാരം, മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനമെങ്കിലും സംഖ്യാബലമുള്ള സമുദായങ്ങള്‍ക്കെല്ലാം ജാതി പ്രാതിനിധ്യത്തിന്‍െറ പ്രയോജനം നല്‍കാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. എന്നാല്‍ ഗവണ്‍മെന്‍റിന്‍റെ ഈ പുതിയ നയ പ്രഖ്യാപനത്തില്‍ തിരുവിതാംകൂറിലെ പിന്നോക്ക സമുദായങ്ങള്‍ തൃപ്തരായില്ല.

നിവര്‍ത്തന പ്രക്ഷോഭണം: 1932ലെ ഭരഘടനാ പരിഷ്കാരത്തിനെതിരെയുള്ള പ്രതിഷേധമായി നിവര്‍ത്തന പ്രക്ഷോഭണം ആരംഭിച്ചത്. തിരുവിതാം കൂര്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം അനുവദിക്കാത്ത 1932ലെ ഭരണഘടനാ പരിഷ്കരണത്തോടുള്ള ശക്തമായ സംഘടിതസമരമായിരുന്നു ഇത്. ഈഴവക്രിസ്ത്യന്‍മുസ്ലീം സമുദായങ്ങള്‍ ചേര്‍ന്ന് സംയുക്ത രാഷ്ട്രീയ സമിതി എന്ന സംഘടന രൂപീകരിച്ചു. എന്‍.വി.ജോസഫും, സി.കേശവനും ആയിരുന്നു നിവര്‍ത്തന പ്രക്ഷോഭണത്തിന്‍റെ പ്രധാന നേതാക്കള്‍. സംയുക്ത രാഷ്ട്രീയ സമിതി ഒന്നിച്ചും ഓരോ ജാതിയും പ്രത്യേകമായും രാജാവിന് നിവേദനം നല്‍കുകയുണ്ടായി. എന്നാല്‍ സംയുക്ത രാഷ്ട്രീയ സമിതിയുടെ ആവശ്യത്തോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിതിനെത്തുടര്‍ന്ന് നിവര്‍ത്തന പ്രക്ഷോഭം രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ആളിപ്പടര്‍ന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നോക്ക സമുദായക്കാര്‍ക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പബ്ലിക് സര്‍വ്വീസ് കമ്മിഷണറെ നിയമിക്കുകയും ഭൂസ്വത്തിന്‍റെ കാര്യത്തില്‍ അയവ് വരുത്തി സമ്മതിദാന അവകാശം വിപുലപ്പെടുത്തുകയും ചെയ്തു.

പബ്ലിക് സര്‍വീസ് കമ്മീഷണര്‍: നിവര്‍ത്തന പ്രസ്ഥാനം, നിയമസഭയിലെ വാദപ്രതിവാദങ്ങള്‍, പൊതുജനാഭിപ്രായം തുടങ്ങിയവയുടെ സ്വാധീനഫലമായി ഉദ്യോഗനിയമനത്തിന് ഒരു പബ്ലിക് സര്‍വീസ് കമ്മീഷണറെ നിയമിക്കാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക, യോഗ്യത നിശ്ചയിക്കുക, മല്‍സരപരീക്ഷകളും ഇന്‍റര്‍വ്യൂവും നടത്തുക, റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ തയ്യാറാക്കുക തുടങ്ങിയവയായിരുന്നു 1935 ജൂണ്‍ 25ന് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച ഉത്തരവില്‍ പബ്ലിക് സര്‍വീസ് കമ്മിഷണറുടെ ചുമതലകളായി നിര്‍വചിച്ചിരുന്നത്. ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പുതിയ പദ്ധതി റിക്രൂട്ട്മെന്‍റ് രംഗത്ത് അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തി. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വ്യക്തമായ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് പബ്ലിക് സര്‍വ്വീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജി.ഡി. നോക്സ് ആയിരുന്നു ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മിഷണര്‍. 1936 ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥനിയമനത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 1936 ജൂണ്‍ 14ാംതീയതി മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഈ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ ചില്ലറ ഭേദഗതികളോടെ 1940 വരെ നിലവിലിരുന്നു. 1940 ഒക്ടോബറില്‍ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ നവീകരിക്കപ്പെട്ടു. പബ്ലിക് സര്‍വീസ് കമ്മിഷണറുടെ നിയമനത്തോടൊപ്പം താല്‍ക്കാലികമായി രൂപവല്‍കരിക്കപ്പെട്ട പബ്ലിക് സര്‍വീസ് വകുപ്പ് 1942ല്‍ ഒരു സ്ഥിരം വകുപ്പായിത്തീര്‍ന്നു. 1949ല്‍ തിരുകൊച്ചി സംയോണ്‍ജനം നടക്കുന്നതുവരെ പബ്ലിക് സര്‍വീസ് കമ്മീഷണറും അദ്ദേണ്‍ഹത്തിന്‍റെ കീഴിലുള്ള പബ്ലിക് സര്‍വീസ് വകുപ്പും പ്രവര്‍ത്തിച്ചു.

കൊച്ചിരാജ്യവും പബ്ലിക് സര്‍വീസ് കമ്മീഷനും: കൊച്ചിയില്‍ ക്രമീകൃതമായ രീതിയിലുള്ള ഭരണ സന്പ്രദായം ആരംഭിച്ചത് ശക്തന്‍ തന്പുരാന്‍ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ(ഭരണകാലം 17901805) യുടെ കാലത്തോടു കൂടിയായിരുന്നു. 1812ല്‍ കൊച്ചിയില്‍ ദിവാനായി നിയമിക്കപ്പെട്ട കേണല്‍ മണ്റോ രാജ്യത്തിലെ പൊതുഭരണ സംവിധാനത്തെ അഴിച്ചു പണിതു. ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍ അനേകം ഉദ്യോഗസ്ഥന്‍മാരെ പുതുതായി നിയമിക്കേണ്ടതായിവന്നു. ഉയര്‍ന്ന തസ്തികകളില്‍ ദിവാന്‍ നേരിട്ടു നിയമനം നടത്തി. താഴ്ന്ന തസ്തികകളിലെ നിയമനത്തില്‍ സ്വജനപക്ഷപാതവും ജാതിപരിഗണനയും സ്വാധീനം ചെലുത്തുന്ന പ്രവണത നിലനിന്നു.
ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ കൊച്ചിയിലും ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ജാതിപരിഗണന കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. പിന്നോക്ക വിഭാഗക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നതിന്‍റെ പേരില്‍ ആ വിഭാഗം ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. ഇടമന ശങ്കരമേനോന്‍ ദിവാനായിരുന്ന കാലത്താണ് 1834ല്‍ കൊച്ചിയില്‍ ആദ്യമായി സംഘടിതമായ ഒരു ബഹുജനപ്രക്ഷോഭണം ഉണ്ടായത്. കൊച്ചിയിലെ ജനങ്ങള്‍ക്ക് ഭരണകാര്യങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രക്ഷോഭണം ദീര്‍ഘകാലം നീണ്ടുനിന്നു. 1860ലും വീണ്ടും ഒരു സംഘടിത പ്രക്ഷോഭമുണ്ടായി. 1928ന് ശേഷം കൊച്ചിയിലെ ബഹുജന പ്രക്ഷോഭങ്ങളുടെ ശക്തി വര്‍ദ്ധിച്ചു. 1929 ആയപ്പൊഴേക്കും സര്‍ക്കാര്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥ നിയമനത്തെ സംബന്ധിച്ച പ്രശ്നം കൊച്ചി നിയമസഭയിലും പത്രങ്ങളിലും പ്രധാന വിവാദ വിഷയമായിരുന്നു. 1929 വരെയും സ്ത്രീകളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചിരുന്നില്ല.
വിദ്യാഭ്യാസത്തിന്‍റെ പ്രചാരണത്തോടെ കൊച്ചിയിലെ പിന്നോക്ക വിഭാഗക്കാരുടെ നിലകൂടുതല്‍ ശോചനീയമായി. അഭ്യസ്ഥവിദ്യരായ പിന്നോക്ക ജാതിക്കാര്‍ ഉദ്യോഗ നിയമന രംഗത്ത് അവഗണിക്കപ്പെട്ടതിനാല്‍ അവര്‍ക്ക് തൊഴില്‍ അന്വേഷിച്ച് കൊച്ചിയ്ക്ക് വെളിയില്‍ പോകേണ്ടിവന്നു. ബഹുജനരോഷം ശക്തിപ്പെട്ടുവരികയാണെന്ന് മനസിലാക്കി ഗവണ്‍മെന്‍റ് ഉദ്യോഗ നിയമനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് ചില്ലറ പരിഗണന നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലറുകള്‍ 1929ല്‍ ഗവണ്‍മെന്‍റ് വകുപ്പുമേധാവികള്‍ക്കും, നിയമനാധികാരികള്‍ക്കും നല്‍കിയിരുന്നു. നിയമനകാര്യങ്ങളില്‍ എല്ലാ ജാതിക്കാര്‍ക്കും തുല്യമായ അവസരം നല്‍കേണ്ടതാണെന്ന് മനസില്ലാമനസ്സോടെ തത്വത്തില്‍ അംഗീകരിച്ചെങ്കിലും കൊട്ടാരം, സൈന്യം, ദേവസ്വം എന്നീ വിഭാഗങ്ങളെ അതില്‍ നിന്നും ഒഴിവാക്കുകയാണെന്ന് അതില്‍ തന്നെ വ്യക്തമാക്കി. 1930ലെ രാജകീയ വിളംബരം അനുസരിച്ച് കൊട്ടാരം സൈന്യം, ദേവസ്വം എന്നീ വിഭാഗങ്ങളിലെ നിയമനം മുഴുവനും സവര്‍ണ്ണര്‍ക്കായി സംവരണം ചെയ്തിരുന്നു. 1931 ഫെബ്രുവരിയില്‍ ജാതിയുടെ പേരില്‍ മാത്രം ആരെയും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഒഴിവാക്കില്ലെന്ന് പ്രഖ്യാപിക്കുവാന്‍ ഗവണ്‍മെന്‍റിനോടാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കൊച്ചി നിയമനസഭയില്‍ ചര്‍ച്ചയ്ക്ക് വന്നു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് പുതിയ നയപ്രഖ്യാപനത്തിനു ശേഷവും പിന്നോക്ക ജാതിക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുവാന്‍ നിയമനാധികാരികള്‍ വിമുഖത കാണിച്ചുകൊണ്ടേയിരുന്നു.
ഉദ്യോഗ നിയമനത്തിനുള്ള പരാതി ഒഴിവാക്കിക്കൊണ്ട് ഈ രംഗത്തെ ക്രമീകരിക്കുന്നതിനുവേണ്ടി കൊച്ചിയില്‍ ഒരു പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കുവാന്‍ ഗവണ്‍മെന്‍റ് ഉദ്ദേശിക്കുന്ന വിവരം 1933 ഫെബ്രുവരി 15ന് ദിവാന്‍റെ സെക്രട്ടറി കൊച്ചി നിയമസഭയില്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ അക്കാലത്ത് ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കുന്നതിന് വേണ്ടിയായിരുന്നു. തുടര്‍ന്ന് 1934ലെ നിയമസഭയിലെ ബഡ്ജറ്റ് സമ്മേളനത്തില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ രൂപീകരിക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ അന്തിമതീരുമാനം ദിവാന്‍ ഷണ്‍മുഖം ചെട്ടി പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് ഭാഗത്തു നിന്നുള്ള പ്രഖ്യാപനം ഉണ്ടായെങ്കിലും തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ഉടനടി രൂപീകരിക്കണമെന്ന് ഗവണ്‍മെന്‍റിനോടവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം 1936 ഫെബ്രുവരി 11 ാം തീയതി കൊച്ചി നിയമസഭയില്‍ അവതരിപ്പിച്ചു. പ്രമേയം പാസ്സായി. സ്വതന്ത്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലൂടെ മാത്രമേ പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാരിന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ 1936 സെസപ്തംബറില്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചു. കൊച്ചി ഗവണ്‍മെന്‍റ് സര്‍വ്വീസിലെ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥരായിരുന്നു ഈ ബോര്‍ഡിലെ അംഗങ്ങള്‍. മൂന്നു വര്‍ഷമായിരുന്നു ബോര്‍ഡിന്‍റെ കാലാവധി. കൊച്ചി ഗവണ്‍മെന്‍റിലെ വിവിധ ഉദ്യോഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് നടത്തുക എന്നതായിരുന്നു സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്‍റെ ചുമതല. 1939ല്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പുനപരിശോധിക്കാന്‍ കമ്മിറ്റി നിയമിക്കുന്ന വിവരം ദിവാന്‍ ഷണ്‍മുഖം ചെട്ടി ലെജിസ്ലേറ്റീ്വ് കൌണ്‍സിലിനെ അറിയിച്ചു. ദിവാന്‍ പോഷ്കര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ കെ. അയ്യപ്പന്‍, ഇ.ഇക്കണ്ടവാര്യര്‍, വി.ജെ.മത്തായി, ഇസ്മായില്‍ ഹാജി ഈസ സേഠ് എന്നിവര്‍ അംഗങ്ങളായിരുന്നു. 1939 ഡിസംബര്‍ 1ാം തീയതി കമ്മിറ്റി അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനത്തിന് വേണ്ടി തിരഞ്ഞെടുപ്പ് നടത്തുന്പോള്‍ എല്ലാ ജാതിക്കാരോടും നീതി പുലര്‍ത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ചില മാറ്റം വരുത്തി. പുതിയതായി ഒരു സെക്രട്ടറിയെ നിയമിച്ചു.
1946ല്‍ കൊച്ചി ലെജിസ്ലേറ്റീവ് കൌണ്‍സില്‍ പാസ്സാക്കിയ പ്രമേയമനുസരിച്ച് കൂടുതല്‍ പിന്നോക്കം നിന്ന സമുദായങ്ങളെ അവശ വിഭാഗങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി നിശ്ചിത ശതമാനം ഉദ്യോഗങ്ങള്‍ പ്രത്യേകമായി സംവരണ ചെയ്തു.
1947ല്‍ കൊച്ചി നിയമസഭയില്‍ പാസാക്കിയ ഒരു നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്‍റെ സ്ഥാനത്ത് കൊച്ചി പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിലവില്‍ വന്നു. ഈ കമ്മിഷനില്‍ മൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. 1949ല്‍ തിരുകൊച്ചി സംയോജനത്തെത്തുടര്‍ന്ന് തിരുകൊച്ചി പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിലവില്‍ വന്നു. തിരുവനന്തപുരം തന്നെയായിരുന്നു ആസ്ഥാനം. മൂന്നംഗ കമ്മീഷന്‍റെ ചെയര്‍മാന്‍ സി.കുഞ്ഞിരാമനായിരുന്നു.

മലബാറും പി.എസ്.സി. യും 1800 മെയ് 21 ാം തീയതി മലബാറിനെ മദ്രാസ് പ്രവിശ്യയുടെ ഭാഗമാക്കി. മദ്രാസ് പ്രസിഡന്‍സിയുടെ ഒരു ജില്ലയായിരുന്നു മലബാര്‍. മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായതുകൊണ്ട് ഈ പ്രദേശത്തെ ഉദ്യോഗ നിയമനത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് നയമാണ് പിന്‍തുടര്‍ന്നിരുന്നത്. 1854ന് മുന്പ് ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗ നിയമനങ്ങളില്‍ സ്വജനസ്നേഹം വളരെ പ്രകടമായിരുന്നു. കാലക്രമത്തില്‍ അഭ്യസ്തവിദ്യരും, സമര്‍ത്ഥരുമായ യുവാക്കളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നതിനുള്ള സന്നദ്ധത ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പ്രകടിപ്പിച്ചു. ഉയര്‍ന്ന തസ്തികയിലേയ്ക്ക് 1853ലെ മെക്കാളെ പ്രഭു അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ യോഗ്യതയുടെയും മത്സരപരീക്ഷയുടെയും, അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാല്‍ താഴെ തട്ടിലുള്ള ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥന്‍മാരെയും മേലുദ്യോഗസ്ഥരുടെ ഇഷ്ടാനുസരണമാണ് തിരഞ്ഞെടുത്തിരുന്നത്. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെയും ഉദ്യോഗങ്ങളിലെല്ലാം ബ്രീട്ടീഷ്കാര്‍ക്ക് പുറമെ ബ്രാഹ്മണര്‍ക്ക് മാത്രമേ നിയമനം നല്‍കിയിരുന്നുള്ളു. പ്രധാന ഉദ്യോഗങ്ങളില്‍ ഇംഗ്ലീഷുകാരെ തന്നെ നിയമിച്ചിരുന്നു. ജസ്റ്റിസ് പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ അബ്രാഹ്മണര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ന്യായമായി ലഭിക്കേണ്ട വിഹിതം ആവശ്യപ്പെട്ടുതുടങ്ങി. അതിനെത്തുടര്‍ന്ന് മദ്രാസ് പ്രവിശ്യയിലും ഉദ്യോഗസ്ഥ നിയമനത്തിന് സാമുദായിക പ്രാതിനിധ്യം പരിഗണിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1912ല്‍ ഗവണ്‍മെന്‍റ് ഒരു പബ്ലിക് സര്‍വ്വീസ് കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1916ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമുദായിക പ്രാതിനിധ്യം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.
1924 ഏപ്രില്‍ മാസം ഒന്നാം തീയതി മദ്രാസ് പ്രവിശ്യയില്‍ ഒരു സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. ബോര്‍ഡില്‍ അഞ്ചംഗങ്ങള്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്നു അദ്ധ്യക്ഷന്‍. പ്രസിഡന്‍സിയിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ എക്സ് ഒഫിഷ്യോ സെക്രട്ടറിയും, മറ്റു മൂന്ന് പേരെ ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്യുമെന്നും വ്യവസ്ഥ ചെയ്തു.
1919ലെ ഇന്ത്യാ ഗവണ്‍മെന്‍റ് ആക്ടില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ അതിന്‍ പ്രകാരം 1926ല്‍ മാത്രമേ ഫെഡറല്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് കഴിഞ്ഞതുള്ളു. ഇന്ത്യയിലെ ആദ്യത്തെ പ്രവിശ്യാ പബ്ലിക് സര്‍്വ്വീസ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത് മലബാര്‍ കൂടി ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയിലായിരുന്നു. 1929ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി മദ്രാസ് പബ്ലിക് സര്‍വ്വീസ് ആക്ട് എന്ന നിയമം പാസാക്കി. അതിന്‍റെ അടിസ്ഥാനത്തില്‍ 1929 മുതല്‍ മദ്രാസ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അതോടുകൂടി മലബാര്‍ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം മദ്രാസ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ നിയന്ത്രണത്തിലായി. ഒരു ചെയര്‍മാനും രണ്ട് അംഗങ്ങളുമായിരുന്നു കമ്മീഷനിലുണ്ടായിരുന്നത്.

കേരള പിഎസ്സിയുടെ രൂപീകരണം: 1956ല്‍ സംസ്ഥാന പുനസ്സംഘടനയെത്തുടര്‍ന്ന് തിരുവനന്തപുരം പട്ടം ആസ്ഥാനമായി സംസ്ഥാനമൊട്ടാകെ അധികാരപരിധിയുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിലവില്‍വന്നു. വി.കെ.വേലായുധനായിരുന്നു ആദ്യത്തെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍. പൊതുപ്രവര്‍ത്തകനായും തിരുവിതാംകൂര്‍ ലേബര്‍ കമ്മീഷണറെന്ന നിലയിലും കര്‍മശേഷി തെളിയിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കളക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്ട്രിക്ട് റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ പില്‍ക്കാലത്ത് പി.എസ്.സിയുടെ ജില്ലാ ഓഫീസുകളായി മാറി. പിന്നീട് ഉത്തര, മധ്യ, ദക്ഷിണമേഖലകളുടെ കീഴില്‍വരുന്ന ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് യഥാക്രമം കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവ ആസ്ഥാനമായി മൂന്ന് മേഖലാ ഓഫീസുകളും നിലവില്‍വന്നു. 1959ല്‍ കമ്മിഷന്‍റെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചായും 1971ല്‍ ഏഴ് ആയും 1981ല്‍ എട്ടായും 1982ല്‍ ഒന്‍പതായും 1983ല്‍ പതിമൂന്നായും 1985ല്‍ പതിനഞ്ചായും 2013ല്‍ ഇരുപത്തിഒന്നായും നിശ്ചയിക്കപ്പെട്ടു. ഇപ്പോള്‍ കമ്മീഷനില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളുണ്ട്്.

കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷനും സര്‍വ്വീസ് സംഘടനകളും കേരളത്തില്‍ 1957 ല്‍ അധികാരത്തില്‍ വന്ന സ.ഇ.എം.എസ്. ന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് തൊഴിലാളികള്‍ക്ക് പൊതുവില്‍ നല്‍കിയ ഊര്‍ജ്ജം പി.എസ്.സി. യിലും പ്രതിഫലിച്ചു. 1957 മെയ് 9ന് ഉത്തരകേരള എന്‍.ജി.ഒ. അസ്സോസിയേഷന്‍ സമ്മേളനത്തില്‍ (പാലക്കാട് വിക്ടോറിയ കോളേജ്) ഉദ്ഘാടന പ്രസംഗത്തിലെ സ.ഇ.എം.എസ്. ന്‍റെ വാക്കുകള്‍ എന്‍.ജി.ഒ. മാര്‍ക്ക് ശന്പള വര്‍ദ്ധനവും, അലവന്‍സും പ്രധാനമാണ് എന്നാല്‍ അതിലേറെ പ്രാധാന്യമായി എനിക്കു തോന്നുന്നത് അത് ചോദിക്കാനുള്ള അവകാശമാണ്. ജീവനക്കാര്‍ക്ക് സംഘടിക്കാനും വിലപേശാനുമുള്ള അവകാശത്തിന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്‍കിയ അംഗീകാരം തൊഴില്‍ മേഖലയില്‍ പ്രത്യേകിച്ച് സര്‍വ്വീസ് മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു.
1957ല്‍ പി.എസ്.സി. സ്റ്റാഫ് അസ്സോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു. ആര്‍.ചന്ദ്രശേഖരന്‍ നായര്‍, വൈ.ജോര്‍ജ്ജ്, എന്‍.ഒ.മുഹമ്മദ് കുഞ്ഞ് എന്നിവര്‍ ആയിരുന്നു ആദ്യകാല നേതാക്കള്‍. പി.എസ്.സി. സ്റ്റാഫ് അസ്സോസിയേഷന്‍ രൂപീകരണ കാലം മുതല്‍ തന്നെ ജീവനക്കാരുടെ പൊതുവേദികളില്‍ സാന്നിദ്ധ്യമാകുന്നതിനും പ്രക്ഷോഭങ്ങളില്‍ പങ്ക് ചേരുന്നതിനും ശ്രദ്ധിച്ചിരുന്നു. 1967ലെയും (13 ദിവസം) 1971 ലെയും (12 ദിവസം) പണിമുടക്കില്‍ പങ്കെടുത്തു. 1958 ഒക്ടോബര്‍ 12 ന് രൂപീകൃതമായ 14 സംഘടന ഉല്‍പ്പെടുന്ന കേരള സര്‍വ്വീസ് സംഘടന ഫെഡറേഷനിലും 1967 ലെ പണിമുടക്കിനെ ത്തുടര്‍ന്ന് രൂപീകൃതമായ 36 സംഘടനകളുടെ കോഓര്‍ഡിനേഷനിലും സ്റ്റാഫ് അസ്സോസിയേഷന്‍ പങ്കാളിയായിരുന്നു.

കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍1973 സമരോത്സുകമായിരുന്ന എഴുപതുകളുടെ സൃഷ്ടിയാണ് കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ പല സംഭവങ്ങള്‍ക്കും എഴുപതുകള്‍ സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ്സിലെ ഭിന്നിപ്പിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധിക്ക് ലഭിച്ച മേധാവിത്വം, ബാങ്ക് ദേശസാല്‍ക്കരണം, പ്രിവി പേഴ്സ് നിര്‍ത്താലക്കല്‍, ഇന്ത്യാപാക് യുദ്ധം, ബംഗ്ലാദേശ് മോചനം, ബംഗാളിലെ അര്‍ദ്ധഫാസിസ്റ്റ് ഭീകരവാഴ്ച, ജയപ്രകാശ് നാരായണന്‍റെ സന്പൂര്‍ണ്ണ വിപ്ലവം, ആഭ്യന്തര അടിയന്തിരാവസ്ഥ, കോണ്‍ഗ്രസ്സിന്‍റെയും ഇന്ദിരാഗാന്ധിയുടെയും പരാജയം, ജനതാഗവണ്‍മെന്‍റ് അങ്ങനെ ഏറെ സംഭവബഹുലമായ ഒരു ദശകമായിരുന്നു 1970 കള്‍. സുദീര്‍ഘവും വിപുലവുമായ പണിമുടക്ക് സമരങ്ങളും വ്യാപകമായി ഉയര്‍ന്നുവന്നു. റെയില്‍വേ ജീവനക്കാരുടെ പണിമുടക്ക്, കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാരുടെ സമരം, കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പണിമുടക്കം തുടങ്ങിവയൊക്കെ ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. 1973 ജനുവരി 10 ന് ആരംഭിച്ച സംസ്ഥാന ജീവനക്കാരുടെ പണിമുടക്കം 1973 മാര്‍ച്ച് 3ാം തീയതി ഏകപക്ഷീയമായി പിന്‍വലിക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാരുടേയും കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാരുടേയും പണിമുടക്കങ്ങളെപോലെ ഈ പണിമുടക്കവും ഭരണകൂടത്തിന്‍റെ മര്‍ദ്ദനസംവിധാനങ്ങളാകെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു സി. അച്ചുതമേനോന്‍ ഗവണ്‍മെന്‍റ് ചെയ്തത്.
ഈ പണിമുടക്കം യാതൊരു ചലനവും സൃഷ്ടിക്കാതിരുന്ന അപൂര്‍വ്വം മേഖലകളിലൊന്നായിരുന്നു പിഎസ്സി ഓഫീസ്. പണിമുടക്കിനോടുള്ള അന്നത്തെ സംഘടനാ നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധമുണ്ടായിരുന്ന ഇരുപത്തിയഞ്ചു ജീവനക്കാര്‍ സ്റ്റാഫ് അസ്സോസിയേഷനില്‍ നിന്ന് രാജിവച്ച് കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് രൂപം നല്‍കുകയും ചെയ്തു. ശന്പള പരിഷ്കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ട്കൊണ്ടുള്ള പ്രക്ഷോഭം ഗവണ്‍മെന്‍റിന്‍റെ മര്‍ദ്ദന നടപടികളെ നേരിട്ടുകൊണ്ട് 50 ദിവസത്തിലേറെ പിന്നിട്ടിട്ടും ഒരു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്പോലും സന്നദ്ധമാകാത്തവിധം രാഷ്ട്രീയ വിധേയത്വവും സമരവിരുദ്ധരുമായിരുന്നു അന്നത്തെ നേതൃത്വം. സംഘടനയില്‍ ഭിന്നിപ്പ് ഒഴിവാക്കുന്നതിനുള്ള മദ്ധ്യസ്ഥ ശ്രമം നടന്നുവെങ്കിലും ഒത്തുതീര്‍പ്പ് ധാരണകള്‍ പാലിക്കുന്നതിനുപോലും നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍ 1973ല്‍ രൂപീകരിക്കപ്പെട്ടത്. കെ. പ്രഭാകരന്‍പിള്ള, കെ.കെ. ചെല്ലപ്പന്‍, കെ.സതൃകന്‍, കെ. രാമകൃഷ്ണപിള്ള, ജെ. വിശ്വരൂപന്‍, എ. സൈനുലബ്ദീന്‍, എം. മുഹമ്മദ് ഇല്ലാ്യാസ് എ. അബ്ദുള്ള സേഠ്, കെ. ഗോവിന്ദപിള്ള, എച്ച് അഹമ്മദ് ഹുസൈന്‍, ജി.രാജന്‍, എസ്. വസന്തകുമാരന്‍, കെ.പി. തുളസീധരന്‍ നായര്‍, എന്‍. അപ്പുക്കുട്ടന്‍ നായര്‍, എം.നൂഹുകണ്ണ്, എന്‍. രഘുനാഥന്‍, എസ്.തങ്കപ്പന്‍, എം.കെ.വാസുദേവന്‍ നായര്‍, എന്‍.കെ.ദിവാകരന്‍, എസ്.അജയനാഥ്, ജി.രാജന്‍ (ജൂനിയര്‍), എന്‍.സുഭാഷ്, എന്‍.ശിവശങ്കരന്‍ മുതലായവര്‍ രാജിവെച്ചവരില്‍ പ്രാതസ്മരണീയരാണ്. ഇതേ ആശയഗതിക്കാരായ ജീവനക്കാര്‍ ജില്ലാ ആഫീസുകളില്‍ ഉണ്ടായിരന്നുവെങ്കിലും ആ നിലയില്‍ വിപുലമായ ഒരു പ്രവര്‍ത്തനമോ സംഘാടനമോ ഉണ്ടായില്ല. കെ. പ്രഭാകരന്‍ പിള്ള (പ്രസിഡന്‍റ്) കെ. സത്യകന്‍ (സെക്രട്ടറി), കെ.കെ. ചെല്ലപ്പന്‍ (ട്രഷറര്‍), കെ. രാമകൃഷ്ണപിള്ള, ജെ. വിശ്വരൂപന്‍, എം.മുഹമ്മദ് ഇല്യാസ്, കെ.ഗോവിന്ദപിള്ള (കമ്മിറ്റി അംഗങ്ങള്‍) എന്നിവരുള്‍പ്പെടുന്ന ആദ്യ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
യൂണിയന്‍ രൂപീകരിപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യകാല സംഘടനാ പ്രവര്‍ത്തകര്‍ നിരവധി പ്രതികാര നടപടികള്‍ അഭിമുഖീകരിക്കേണ്ടി വന്നു. 1975 ലെ ക്ഷാമബത്ത പണിമുടക്കുമായി ബന്ധപ്പെട്ട് ആഫീസ് ക്യാന്പസില്‍ ഇ. പത്മനാഭന്‍ പങ്കെടുത്ത വിശദീകരണം യോഗം നടക്കുകയുണ്ടായി. ഇതിന്‍റെ ഭാഗമായി ഓഫീസ് ക്യാന്പസില്‍ കൊടിതോരണങ്ങള്‍ കെട്ടിയ സംഘടനാ പ്രവര്‍ത്തകരെയാകെ കള്ളകേസില്‍ കുടുക്കുന്നതിനുള്ള പരിശ്രമം ഉണ്ടായി.
1975 ജൂണ്‍ 26 ന് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ ജീവനക്കാരുടെ സംഘടിത പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ബോധപൂര്‍വ്വമായ നടപടികള്‍ കൂടിയാണ് ആവിഷ്കരിക്കപ്പെട്ടത്. ഇ.പത്മനാഭന്‍, പി.ആര്‍.രാജന്‍, വി.വി ദക്ഷിണാമൂര്‍ത്തി അടക്കമുള്ള FSETO നേതാക്കള്‍ ജയിലടക്കപ്പെട്ടു. പൊതു അവധികള്‍ വെട്ടികുറക്കപ്പെട്ടു. രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി. 48 വയസ്സ് കഴിഞ്ഞവരെ കാര്യക്ഷമതയുടെ പേരില്‍ പിരിച്ചുവിടുന്നതിനുള്ള നിയമം പാസ്സാക്കി. നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നു മുദ്രാവാക്യം. പിഎസ്സിയിലെ സ്ഥിതി അതിരൂക്ഷമായിരുന്നു. അന്നത്തെ ചെയര്‍മാന്‍റെ ഏകാധിപത്യപരമായ നടപടികളെ സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ ചെറുക്കുന്നതിന് സംഘടന തയ്യാറായി. പിഎസ്സി ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സംഘടന പ്രതിനിധികളുടെ യോഗത്തില്‍ മറ്റൊരു സംഘടനാ പ്രതിനിധിയോടു മര്യാദയില്ലാതെ സംസാരിച്ചതില്‍ പ്രതിഷേധിച്ചതിനാണ് എന്‍.അപ്പുക്കുട്ടന്‍ നായരെ ആദ്യം മലപ്പുറത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് കള്ളകേസില്‍ കുടുക്കി സസ്പെന്‍ഡു ചെയ്യുകയും അവസാനം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തത്. 19-05-1978 ല്‍ മലപ്പുറത്തേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോള്‍ പ്രതിഷേധിച്ച വനിതാ ജീവനക്കാരടക്കം മുഴുവന്‍ പിഎസ്സി ജീവനക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് മാറ്റുകയുണ്ടായി. 1980 ല്‍ സ.ഇ.കെ. നായനാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് കമ്മീഷന്‍റെ ഘടനയില്‍ വന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് 10-08-1983 ല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്തത.് സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ മുന്നണി പ്രവര്‍ത്തകരാകെ വിവിധ തരത്തിലുള്ള ശിക്ഷാ ന ടപടികള്‍ക്ക് വിധേയരായിട്ടുണ്ട്. ചെയര്‍മാന്‍റെ ഏകാധിപത്യപരമായ നിലപാടിലും ജീവനക്കാരോടുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ച് സംഘനയുടെ പേരില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ജനറല്‍ സെക്രട്ടറി കെ.സത്യകന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് നടപടി ആരംഭിച്ചു. അന്യായമായി സ്ഥലംമാറ്റുകയും ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍. സുരേഷ്ബാബു തരംതാഴ്ത്തപ്പെട്ടു. കോഴിക്കോട് ജില്ലാ ആഫീസില്‍ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സുരേഷ് പാറമ്മേലിനെ തരംതാഴ്ത്തുകയും മലപ്പുറം ജില്ലയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ തന്നെ ജില്ലാ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സംസ്ഥന പ്രസിഡന്‍റായിരുന്ന കെ.തങ്കപ്പനെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനുള്ള പരിശ്രമവും ഉണ്ടായി. സംഘടനാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നിരവധി പ്രവര്‍ത്തകരുടെ ഇന്‍ക്രിമെന്‍റ് പിടുത്തമടക്കമുള്ള ശിക്ഷാ നടപടികള്‍ക്കും അന്യായമായ സ്ഥലംമാറ്റങ്ങള്‍ക്കും വിധേയരായിട്ടുണ്ട്.
ആദ്യകാല സംഘടനാ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളൊന്നും വൃഥാവിലായില്ല. 1980 ല്‍ പോലും സ്ഥാപനത്തിലെ അംഗസംഖ്യ 500 മാത്രമായിരുന്നു. സംഘടനാ പ്രവര്‍ത്തനം ജീവനക്കാരിലുണ്ടാക്കിയ പ്രതികരണം സംഘടനാ മെന്പര്‍ഷിപ്പിലും പ്രതിഫലിക്കുകയുണ്ടായി. 1997 ആകുന്പോഴേക്കും ഈ മേഖലയിലെ ഏറ്റവും വലിയ സംഘടനയും ഭൂരിപക്ഷം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയുമായി വളര്‍ന്നു.
യൂണിയന്‍ രൂപീകരണത്തിന് ശേഷം സംസ്ഥാന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനും നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടങ്ങളില്‍ പിഎസ്സി ജീവനക്കാരുടെ പ്രാതിനിധ്യം യൂണിയന്‍റെ പങ്കാളിത്തത്തിലൂടെ മാത്രമായിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഇതര സംഘടനകളില്‍ ചിലത് പങ്കെടുത്തിട്ടില്ലെന്നതന്നല്ല അതോടൊപ്പം പിഎസ്സി ജീവനക്കാരുടെ തനതു പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ടുള്ള അവിരാമമായ പോരാട്ടങ്ങളിലേക്കാണ് സംഘടന പിച്ചവെച്ചത്.
1975 ഫെബ്രുവരി 5- 11 വരെയുള്ള ക്ഷാമബത്താകുടിശ്ശികയ്ക്ക് വേണ്ടിയുള്ള പണിമുടക്കം, 1978 ജനുവരി 11-27 വരെ ശന്പള പരിഷ്കരണത്തിന് വേണ്ടിയുള്ള പണിമുടക്കം, 1984 ഫെബ്രുവരി 14-22 വരെ ഇടക്കാല ആശ്വാസത്തിന് വേണ്ടിയുള്ള പണിമുടക്കം, 1985 ആഗസ്റ്റ് 7 മുതല്‍ 17 വരെ ശന്പള പരിഷ്കരണത്തിന് വേണ്ടിയുള്ള പണിമുടക്കം, 2002 ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 8 വരെ 32 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത പണിമുടക്കം എന്നിങ്ങനെ സംഘടനാ രൂപീകരണത്തിന് ശേഷം നടന്ന സംസ്ഥാന ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനായും നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനുമായുള്ള എല്ലാ അനിശ്ചിതകാല പണിമുടക്കങ്ങളിലും നേതൃത്വപരമായ പങ്കാണ് യൂണിയന്‍ നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷണത്തിനുവേണ്ടി 2013 ജനുവരി 8-13 വരെ നടന്ന പണിമുടക്കത്തിലും യൂണിയന്‍ അതിന്‍റെ രൂപീകരണ ലക്ഷ്യം സാര്‍ത്ഥകമാക്കി. ഇതേ ആവശ്യങ്ങളുടെ പേരില്‍ നടന്ന നൂറുകണക്കായ സൂചനാ പണിമുടക്കുകളടക്കമുള്ള സമരങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. 18-01-1990 മുതല്‍ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളില്‍ ഏക ദിവസ പണിമുടക്കുകള്‍ ക്രമീകരിച്ചുകൊണ്ട് 41 സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ തന്നെ അതിന്‍റെ വ്യാപ്തി മനസ്സിലാക്കാവുതാണ്. ക്രമീകരിക്കപ്പെടാത്ത പണിമുടക്കുകള്‍ ഇതിലും എത്രയോ കൂടുതലുമാണ്.
കോണ്‍ഗ്രസ്സിന് പങ്കാളിത്തമുള്ളതോ നേതൃത്വമുള്ളതോ ആയ ഭരണസംവിധാനങ്ങളുടെ കാലയളവില്‍ ഇഞ്ചിനിഞ്ച് പോരാട്ടം നടത്തിയാണ് ജീവനക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിലനിര്‍ത്തിയതും നേടിയെടുത്തിട്ടുള്ളതും. എല്ലാം പ്രക്ഷോഭങ്ങളും സമാധാനപരമായ അന്തരീക്ഷത്തില്‍ നടന്നതുമല്ല. ഗവണ്‍മെന്‍റിന്‍റെ മര്‍ദ്ദന സംവിധാനങ്ങളുമായി മുഖാമുഖം നിന്ന് പോരാടിച്ചാണ് പല ആവശ്യങ്ങളും നേടിയെടുത്തിട്ടുള്ളത്. 1983 ഫെബ്രുവരി 2 ന് ലീവ് സറണ്ടര്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടന്ന പണിമുടക്കം ഇത്തരത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ലീവ് സറണ്ടര്‍ ചെയ്യുന്നതിനുള്ള അവകാശം 1967 മുതല്‍ സംസ്ഥാന ജീവനക്കാര്‍ അനുഭവിച്ച് പോരുന്നതാണ്. അത്് നിഷേധിച്ചുകൊണ്ട് 1983 ജനുവരി 31 ന് ഉത്തരവിറക്കി. ഇതില്‍ പ്രതിഷേധിച്ച് സമാധാനപരമായി സെക്രട്ടേറിയേറ്റിന് മുന്പില്‍ ധര്‍ണ്ണ നടത്തിയ ജീവനക്കാരെ കിരാതമായ രീതിയില്‍ പോലീസ് മര്‍ദ്ദനത്തിന് വിധേയമാക്കുകയായിരുന്നു. FSETO നേതാക്കള്‍ക്കൊപ്പം ഭീകരമായ ലാത്തിചാര്‍ജ്ജിന് യൂണിയന്‍ നേതാക്കളായിരുന്നു കെ. തങ്കപ്പന്‍ (പറാല്‍) എന്‍. രാഘവേന്ദ്രന്‍ പോറ്റി എന്നിവര്‍ വിധേയരായി. വളഞ്ഞിട്ട് തല തല്ലിപ്പൊളിക്കാനുള്ള പോലീസിന്‍റെ പരിശ്രമത്തില്‍ നിന്നും പോറ്റിയെ രക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ് തങ്കപ്പന്‍ ആക്രമിക്കപ്പെട്ടത്. സമീപകാല സംഘടനാ പ്രവര്‍ത്തകരൊന്നും നേരിട്ടിട്ടില്ലാത്ത ഭീകര മര്‍ദ്ദനത്തിനാണ് ഇരുവരും വിധേയരായത്.
1990 മുതല്‍ പുത്തന്‍ സാന്പത്തിക നയസമീപനങ്ങള്‍ക്കെതിരായും ആഗോളവത്കരണ നയസമീപനങ്ങള്‍ക്കെതിരായും ദേശീയാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിലും യൂണിയന്‍റെ ഇടപെടല്‍ ശ്രദ്ധേയമാണ്.
യൂണിയന്‍റെ രൂപീകരണഘട്ടം മുതല്‍ തന്നെ പിഎസ്സി നിയമനങ്ങളിലെ കാലതാമസം കുറക്കുന്നതിനുതകുന്ന ശാസ്ത്രീയ പുന:സംഘടനയും ഉദ്യോഗാര്‍ത്ഥി സൌഹൃദ നടപടികള്‍ക്കുമായി നിരന്തരം പോരാടിക്കുകയായിരുന്നു. ഭരണാധികരികളില്‍ നിന്നും മാത്രമല്ല ഇതര സംഘടനാനേതൃത്വങ്ങളുടെ എതിര്‍പ്പുകൂടി അഭിമുഖീകരിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. ജോലി ഭാരത്തിനാനുപാതികമായി ജീവനക്കാരെ നിയമിക്കണമെന്നും ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചത് യൂണിയന്‍ മാത്രമായിരുന്നു. സെക്രട്ടറിയേറ്റ് പാരിറ്റി എന്ന ആവശ്യം വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപിടിക്കുകയും പണിമുടക്കടക്കമുള്ള പ്രക്ഷോഭത്തിലൂടെ അത് സാധ്യമാക്കുകയും ചെയ്തതിന്‍റെ മുഴുവന്‍ ക്രെഡിറ്റും യൂണിയന് മാത്രമാണ്. കമ്മീഷന്‍റെ നിയമനരീതികളിലും പരിക്ഷാ നടത്തിപ്പിലും, കന്പ്യൂട്ടര്‍ വത്കരണ നടപടികളിലും അടക്കം ക്രിയാത്മകമായി ഇടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് യൂണിയനാണ്.

പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍എഫ്.എസ്.ഇ.ടി.ഒ. 1973 ലെ പണിമുടക്കിന്‍റെ അനുഭവത്തില്‍ നിന്ന് കൂടുതല്‍ വിപുലമായ ഐക്യവും യോജിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്ന തിരിച്ചറിവ് വിവിധ സംഘടനാ നേതൃത്വങ്ങളില്‍ പടിപടിയായി ഉയര്‍ന്നുവന്നിരുന്നു. ജീവനക്കാരുടെ ഐക്യത്തിനു പുറമെ ബഹുജനങ്ങളുമായുള്ള യോജിച്ച സഹകരണവുംകൊണ്ടുകൂടി മാത്രമേ അവകാശ സമരങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തലുകളെ നേരിടാനാവു എന്ന കാഴ്ചപ്പാടും വളര്‍ന്നുവന്നു. സംസ്ഥാന ജീവനക്കാരുടെ പൊതു ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായകരമായ സംഘടനാ രൂപവും വേണ്ടതാണെന്ന പൊതുഅഭിപ്രായവും രൂപപ്പെട്ടു. 1973 ഒക്ടോബര്‍ 12 ന് എറണാകുളത്ത് ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന് (FSETO) രൂപം നല്കി. കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ FSETO യില്‍ അഫിലിയേറ്റ് ചെയ്തത് പിന്നെയും കുറെ നാളുകള്‍ക്ക് ശേഷമാണ്. FSETO രൂപീകരണ യോഗത്തില്‍ 19 സംഘടനകള്‍ പങ്കെടുത്തു. വി.വി. ജോസഫ് (കെ.ജി.പിടി.എ) പ്രസിഡന്‍റും ഇ. പത്മനാഭന്‍ (എന്‍ജിഒ യൂണിയന്‍) ജനറല്‍ സെക്രട്ടറിയുമായുള്ള പ്രഥമ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേരള സര്‍വ്വീസ് സംഘടനാ ഫെഡറേഷന്‍, കോഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങി സംഘടനകളുടെ കൂട്ടായ്മകള്‍ നേരത്തെ രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സമര ഐക്യ പ്രസ്ഥാനമെന്ന നിലയില്‍ സര്‍വ്വീസ് മേഖലയില്‍ FSETO രൂപീകരണമാണ് സാര്‍ത്ഥകമായത്.

പി.എസ്.സി. എംപ്ലോയി 1975 ലാണ് കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍റെ മുഖപത്രമായ പി.എസ്.സി. വര്‍ക്കര്‍ പ്രസിദ്ധീകരണം ആരംഭിച്ചത്. 1980ല്‍ അത് പി.എസ്.സി. എംപ്ലോയി എന്ന് പുനര്‍ നാമകരണം ചെയ്തു. യൂണിയന്‍ മുഖപത്രത്തിന് വേണ്ടി കെ.സത്യകന്‍, എന്‍.രാധാകൃഷ്ണന്‍ നായര്‍, എന്‍.രാഘവേന്ദ്രന്‍ പോറ്റി, എന്‍.മാധവന്‍മൂപ്പര്‍ തുങ്ങിയ ഒട്ടനവധി സഖാക്കളുടെ പരിശ്രമം അനുസ്മരിക്കേണ്ടതാണ്.